Mon. Dec 23rd, 2024
എറണാകുളം:

എറണാകുളം ബ്രോഡ്‍വേയിലും മാര്‍ക്കറ്റിലും പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 പേര്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വലിയ തിരക്കുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് പൊലീസ് പരിശോധന നടത്തിയത്. ഐ.ജി വിജയ് സാക്കറെ, ഡി.സി.പി പൂങ്കുഴലി, എ.സി.പി ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ഹോട്ടല്‍ ജീവനക്കാരെ ഉള്‍പ്പെടെ ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേരള എപ്പിഡമിക്ക് ഡീസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു. പരിശോധനയുടെ ഭാഗമായി മാര്‍ക്കറ്റിലും ബ്രോഡ്‍വേയിലും മാസ്ക് ധരിക്കാതെ എത്തിയവര്‍ക്ക് മാസ്ക് വിതരണം ചെയ്തു. ഉപഭോക്താക്കള്‍ക്ക് സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത കടയുടമകളെ പൊലീസ് താക്കീത് ചെയ്തു. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഐ.ജി വിജയ് സാക്കറെ അറിയിച്ചു.