Sat. Apr 27th, 2024
ബിഹാര്‍:

ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്ത്. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന മാതാവിനരികെ ഒന്നുമറിയാതെ കളിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ സുഖകരമല്ലാത്ത ദൃശ്യങ്ങള്‍.

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ അടുത്ത അനുയായിയായ സഞ്ജയ് യാദവാണ് ഈ ദൃശ്യം ട്വീറ്റു ചെയ്തത്. മാതാവ് മരിച്ചുകിടക്കുന്നതറിയാതെ പുതപ്പ് മാറ്റിയും ഓടിയും കളിക്കുന്ന കുട്ടിയുടെ ദൃശ്യമാണ് സഞ്ജയ് യാദവ് പങ്കുവെച്ചത്.

നാല് ദിവസം നീണ്ട ട്രെയിന്‍ യാത്രക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണി കിടന്നാണ് ഇവര്‍ മരിച്ചതെന്നാണ് സഞ്ജയ് യാദവ് ട്വീറ്റില്‍ പറയുന്നത്. ആരാണ് ട്രെയിനുകളിലെ ഈ മരണങ്ങള്‍ക്ക് ഉത്തരവാദി? പ്രതിപക്ഷത്തിന് സുഖകരമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലേ? എന്നും സഞ്ജയ് യാദവ് ചോദിക്കുന്നു.

അതേസമയം തീര്‍ത്തും വ്യത്യസ്ഥമായ വിശദീകരണമാണ് പൊലീസ് പറയുന്നത്. അഹ്മദാബാദില്‍ നിന്നും മുസഫര്‍പൂരിലേക്ക് ശ്രമിക് ട്രെയിനിലാണ് ഈ അന്തര്‍ സംസ്ഥാന തൊഴിലാളി മെയ് 25 ന് എത്തിയതെന്ന് റെയില്‍വേ പൊലീസ് ഡി.വൈ.എസ്.പി രാംകാന്ത് ഉപാധ്യായ് പറുയുന്നു. സഹോദരിക്കും സഹോദരീ ഭര്‍ത്താവിനുമൊപ്പമാണ് ഇവര്‍ വന്നതെന്നും ട്രെയിനില്‍ വെച്ച് പൊടുന്നനെ മരണം സംഭവിക്കുകയായിരുന്നെന്നും ഭക്ഷണത്തിനും വെള്ളത്തിനും യാത്രക്കിടെ ബുദ്ധിമുട്ടില്ലായിരുന്നുവെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞുവെന്നുമാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ‘എന്തോ രോഗത്തിന്’ ചികിത്സയിലായിരുന്നു ഈ 35കാരിയെന്നും മാനസികമായി പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നുവെന്നുമാണ് റെയില്‍വേ പൊലീസ് വിശദീകരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണെന്നും യഥാര്‍ഥ മരണകാരണം ഡോക്ടര്‍മാര്‍ക്കേ അറിയൂ എന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.