Fri. Apr 19th, 2024
തിരുവനന്തപുരം:

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റൈന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, പണം നൽകാൻ കഴിയുന്നവർക്കാണ് ഈ ക്രമീകരണം ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലത്തെ പ്രഖ്യാപനം. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. വിവിധ പ്രവാസി സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വന്നിരുന്നത്. ഇതില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചിലവാണ് സര്‍ക്കാര്‍ വഹിച്ചിരുന്നത്. എന്നാല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവ് അവര്‍ തന്നെ വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. നിരവധിപേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ല, ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും ആര്‍ക്കും ഇളവുണ്ടാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.