Thu. May 9th, 2024

തിരുവനന്തപുരം:

മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്നത് സംസ്ഥാന സർക്കാരാണെങ്കിലും നേട്ടത്തിന്റെ ക്രഡിറ്റ് ജനങ്ങൾക്ക്  അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കൊവിഡിനെ നേരിടാനുള്ള എല്ലാ പ്രവര്‍ത്തനവും കേരളം തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിലിപ്പോഴും സാമൂഹിക വ്യാപനമില്ല. 75 ശതമാനം പേരും രോഗമുക്തരായെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.

കേരള മോഡൽ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടുള്ളതാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റമാണ് കേരളത്തിന്റെ ഇന്നത്തെ നിലവാരത്തിന് കാരണം. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിന്റേത്.

ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. സമുഹമൊന്നാകെ പ്രയത്നിച്ചതാണ് കേരളത്തിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം,  ഇപ്പോഴും നാം അപകടനില തരണം ചെയ്തിട്ടില്ല. വാക്സിൻ കണ്ടെത്തുകയോ, മഹാമാരിയെ പൂർണ്ണമായി നേരിടുകയോ ചെയ്യുന്നത് വരെ ജാഗ്രത വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ട്വിറ്റർ ഇന്ത്യയുടെ ‘ആസ്‌ക് ദ സിഎം’ എന്ന പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ട്വിറ്റർ തത്സമയ ചോദ്യോത്തരത്തിൽ പങ്കെടുത്തത്.

 

 

By Binsha Das

Digital Journalist at Woke Malayalam