തിരുവനന്തപുരം:
സ്‌പ്രിന്‍ക്ലറില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്പ്രിൻക്ലർ കരാറിൽ കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ് മുതൽ ഉപേക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ കള്ളന്റേതിന് സമാനമാണ് സർക്കാർ നിലപാടെന്നും ചെന്നിത്തല പരിഹസിച്ചു.
സ്പ്രിൻക്ലർ കരാറിൽ സർക്കാർ മലക്കം മറിഞ്ഞു. കരാറുമായി മുന്നോട്ട് പോയിരുന്നെങ്കിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്പ്രിൻക്ലറിന്റെ കെെയ്യിലിരുന്നേനെ. ഇത് തെരഞ്ഞെടുപ്പുകൾക്കായി ഉപയോഗിക്കപ്പെടുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഡാറ്റ അനാലിസിസ് സ്പ്രിൻക്ലറിൽ നിന്ന് സി-ഡിറ്റിലെത്തിയത് പ്രധാന നേട്ടമാണ്. കരാറിൽ നിന്ന് സി-ഡിറ്റിനേയും ഐടി മിഷനേയും മാറ്റി നിർത്തിയിരിക്കുകയായിരുന്നു. സിഡിറ്റും ഐടി മിഷനും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിവരശേഖരണത്തിനും വിശകലനത്തിനും വേണ്ടി ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നത്. അന്ന് ഇതിനൊന്നും സൗകര്യമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.