തിരുവനന്തപുരം:
ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ഇളവുകള്‍. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കിൽ നാളെയും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച പെരുന്നാൾ ആവുകയാണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റമസാൻ പ്രമാണിച്ച് പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേർന്ന് പെരുന്നാൾ നമസ്കരിക്കുക എന്നത് മുസ്ലിംകൾക്ക് വലിയ പുണ്യ കർമമാണ്. എന്നാല്‍ ഇത്തവണ ഇതു വീടുകളിലാണു നടത്തേണ്ടത്. സാമൂഹിക സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനം സാമുദായിക നേതാക്കൾ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.