ന്യൂഡല്‍ഹി:
ലോകത്താകമാനുമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് അടുക്കുന്നു. നാല്‍പ്പത്തി ഏഴ് ലക്ഷം കടന്ന രോഗികളുടെ എണ്ണം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 50 ലക്ഷം എത്തുമെന്നാണ് വിലയിരുത്തല്‍. ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ പേർക്ക് ലോകത്ത് രോഗം ബാധിക്കുന്നുണ്ട് എന്നാണ് കണക്ക്. അതേസമയം, കൊവിഡ് മരണങ്ങൾ മൂന്ന് ലക്ഷത്തി പതിമൂവായിരം കടന്നു. അമേരിക്കയിൽ കൊവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു. മരണം തൊണ്ണൂറായിരത്തിലേക്ക് അടുക്കയാണ്.
ലോകത്ത് കൊവിഡിനെ തുടര്‍ന്ന് ഏറ്റവും അധികം മരണമുണ്ടായ അമേരിക്കയില്‍ ഇന്നലെ മാത്രം ആയിരത്തി മുപ്പത്തി മൂന്ന് പേരാണ് മരിച്ചത്. ബ്രസീലിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 816 പേരാണ് 24 മണിക്കൂറിനിടെ ബ്രസീലില്‍ മരണപ്പെട്ടത്. പതിനാലായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.