ന്യൂഡല്‍ഹി:
മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ രോഗബാധിതരുടെ പ്രതിദിന വർധനവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ചൈനയുടെ തൊട്ടടുത്തെത്തി. ഒരാഴ്ചയായി പ്രതിദിനം മൂവായിരത്തിലേറെ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ നാളെ മറികടന്നേക്കാം എന്നാണ് വിലയിരുത്തൽ. കൊവിഡ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുള്ള ചൈനയുമായി ഇന്ത്യക്കുള്ളത് 967 കേസുകളുടെ വ്യത്യാസം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം 82,937 പേർക്കാണ് അവിടെ കൊവിഡ് ബാധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 81970 ആയി.
ഫെബ്രുവരി 18 ന് ശേഷം ചൈനയിൽ ഒരു ദിവസം പോലും ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിദിന രോഗബാധ നിരക്ക് സംബന്ധിച്ച ലോക പട്ടികയിൽ പെറുവിൻ്റെ തൊട്ടു താഴെയാണ് ഇപ്പോൾ ഇന്ത്യ. 3.9 ശതമാനമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിദിന രോഗബാധ നിരക്ക്. അതേസമയം, ഒരു ദിവസത്തെ ആകെ പരിശോധന ഒരു ലക്ഷമായി ഉയർന്നു.