Wed. Jan 22nd, 2025
തിരുവനന്തപുരം:

 
ലോക്ക്ഡൗൺ സമയത്ത് ഇ- ലോഗിൻ ചെയ്യാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പൊതുഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. മെയ് ഒന്നു മുതൽ ഇ-ഓഫീസിൽ ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം പിടിക്കാനാണ് ധനസെക്രട്ടറിക്ക് പൊതുഭരണ സെക്രട്ടറി നല്‍കിയ കുറിപ്പില്‍ പറയുന്നത്. സെക്രട്ടറിയേറ്റില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.

ഇ-ലോഗിൻ ചെയ്യാത്തവർ അവധിയാണെന്ന് കണക്കാക്കി ശമ്പളം പിടിക്കണമെന്നാണ് പൊതുഭരണവകുപ്പിന്റെ നിര്‍ദ്ദേശം. അതേസമയം, ഇതിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അശാസ്ത്രീയമായ തീരുമാനമാണിതെന്ന് സംഘടനകള്‍ പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍  സെക്രട്ടറിയേറ്റിലെ ഓഫീസ് പ്രവർത്തനം സർക്കാർ ക്രമീകരിച്ചിരുന്നു. സെക്ഷൻ ഓഫീസർ മുതൽ മുകളിലേക്കുള്ള 50 ശതമാനം ജീവനക്കാരും അതിന് താഴെയുള്ള 33 ശതമാനം ജീവനക്കാരും ഹാജരായാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ ജോലിക്കെത്താന്‍ കഴിയാത്തവരോട് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജോലിക്ക് നിയോഗിച്ച പലരും ഇ-ലോഗിൻ ചെയ്യുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് പൊതുഭരണ സെക്രട്ടറി ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

By Binsha Das

Digital Journalist at Woke Malayalam