ന്യൂഡല്‍ഹി:
കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ആഘാതം മറികടക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണമെന്ന് ധനതത്വ ശാസ്ത്രത്തില്‍ നൊബേല്‍ ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും, എസ്തര്‍ ദഫ്‌ളൊയും അഭിപ്രായപ്പെട്ടു. ദക്ഷിണ ഏഷ്യയിലെയും ആഫ്രിക്കയിലെയും പല വികസ്വര രാഷ്ട്രങ്ങളിലും ഈയൊരു നിര്‍ണായക ഘട്ടത്തില്‍ വ്യക്തമായ രാഷ്ട്രീയ- സാമ്പത്തിക നിലപാടുകള്‍ എടുക്കാന്‍ കഴിയുന്ന ഭരണകൂടങ്ങള്‍ നിര്‍ണ്ണായകമാണെന്നും ഇരുവരും പറഞ്ഞു. ദ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തിലാണ് സാമ്പത്തിക മേഖലയില്‍ വിദഗ്ധരായ ഇരുവരും ഇക്കാര്യം ചൂണ്ടികാട്ടിയത്.
കൊവിഡ് 19 തീര്‍ത്ത ലോക്ക്ഡൗണില്‍ പട്ടിണി കൂടുന്നതോടെ സ്ഥിതിഗതികള്‍ അത്യധികം വഷളാവും. ഇതിനെ നേരിടാന്‍ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവര്‍ക്ക് പണം അടിയന്തിരമായി കെെമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാര്‍ച്ച് അവസാന വാരത്തോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വെെറസ് വ്യാപനം ചെറുക്കാന്‍ ഏറെ ക്കുറെ സഹായകരമായിട്ടുണ്ട്. എന്നാല്‍ അധിക കാലം ഇത് തുടരാനാവില്ലെന്നും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ കൊവിഡ് കൂടുതല്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ലോകത്തിലെ സാമ്പത്തിക ശക്തികള്‍ ദരിദ്ര രാഷ്ട്രങ്ങളെ ഈയൊരു സാഹചര്യത്തില്‍ സഹായിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിക്കുന്നു.