Mon. Dec 23rd, 2024

എറണാകുളം:

കോഴിക്കോടിന് പിന്നാലെ നാട്ടിലേക്ക് പോകണമെന്നാവശ്യവുമായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലും എറണാകുളത്തെ കൂത്താട്ടുകളത്തും ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പയ്യന്നൂരിലും കൂത്താട്ടുകുളത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സംഘടിതമായി തൊഴിലാളികള്‍ തെരുവിലിറങ്ങുകയായിരുന്നു. തൊഴിലാളികളോട് വേണ്ട നടപടികള്‍ ചെയ്യാമെന്ന് പൊലീസ് പറഞ്ഞെങ്കിലും പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിവീശി.

മൂവാറ്റുവപുഴ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി. എന്നാല്‍, കൂത്താട്ടുകുളത്തുള്ളവര്‍ക്ക് സൗകര്യമൊരുക്കിയില്ലെന്ന് പറഞ്ഞായിരുന്നു കൂത്താട്ടുകുളത്ത് പ്രതിഷേധിച്ചത്.  ഏകദേശം 500 ഓളം തൊഴിലാളികളാണ് സ്വദേശത്തക്ക് മടങ്ങിപ്പോകാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചത്.

പയ്യന്നൂരിലെ പ്രതിഷേധം ചില വ്യക്തികള്‍ ആസുത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. തെരുവിലിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും, ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്നത് സംബന്ധിച്ച്  അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam