തിരുവനന്തപുരം:
വയനാട്ടിലും കണ്ണൂരിലുമായി സംസ്ഥാനത്ത് രണ്ട് കൊവിഡ് കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ട് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. നിലവിൽ 96 പേരാണ് കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്ന വയനാട്ടിൽ ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് ഓറഞ്ച് സോൺ പട്ടികയിൽ ചേർത്തു.
21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരും കോട്ടയവുമാണ് ഇപ്പോൾ റെഡ് സോണിൽ ഉള്ളത്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റുമെന്നും റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഗ്രീൻ സോണുകളിൽ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ കടകൾ പ്രവർത്തിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഞായറാഴ്ച പൂർണ്ണ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹനങ്ങൾ പുറത്തിറങ്ങരുത്, കടകൾ തുറക്കരുത് എന്നിങ്ങെനയാണ് ഞായറാഴ്ചയിലെ നിയന്ത്രണങ്ങൾ. എന്നാൽ ഈ തീരുമാനത്തിന് നാളെ മാത്രം ഇളവുകൾ നൽകിയിട്ടുണ്ട്.