തിരുവനന്തപുരം:
കൊവിഡ് 19 വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നും അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കേരളം കടന്നുപോകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്നായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അടുത്ത 5 മാസത്തേക്ക് വിതരണം ചെയ്യാതിരിക്കാൻ തീരുമാനിച്ചതെന്നും ഇക്കാര്യത്തിൽ നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനാൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമ്മ്യൂണിറ്റ്സ് തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തുമെന്നും അറിയിച്ചു.