തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നി ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. കൊല്ലത്തുള്ള 5 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം വന്നത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തിയതാണ്. കാസര്‍കോട്ടെ രോഗികള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്.
പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍,കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. ഇതുവരെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ ചികിത്സയിലുണ്ട്.