Sat. Nov 23rd, 2024
കോട്ടയം:

ആറ് ദിവസത്തിനിടയിൽ 17 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.  ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്.  ജില്ലയിൽ മൂന്ന് ദിവസത്തേക്ക് അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഒപ്പം പോലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

നിരീക്ഷണത്തിൽ അല്ലാതിരുന്ന ആളുകൾക്ക് കൂടി അതിവേഗം രോഗം പടർന്ന സാഹചര്യത്തിൽ  കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ മെഡിക്കൽ ടീമിനെ അയക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഇവിടെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് ഉൾപ്പെടെ എവിടെ നിന്നാണ് രോഗം പടർന്നതെന്നതിൽ വ്യക്തതയില്ല.

അതേസമയം,  കൊറോണ ബാധിച്ച് രണ്ട് കോട്ടയം സ്വദേശികൾ വിദേശത്ത് മരിച്ചു. ലണ്ടനിൽ നഴ്‌സായ  കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാറും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ  കോട്ടയം മാന്നാനം സ്വദേശി സെബാസ്ത്യനുമാണ് മരിച്ചത്.

അതേസമയം, ഇതേ സാഹചര്യം നിലനിൽക്കുന്ന ഇടുക്കി ജില്ലയിലും ഇന്ന് മുതൽ കർശന നിയന്ത്രണങ്ങളാണ് അവലംബിക്കുക. മൂന്നാറിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച ആൾക്കുൾപ്പെടെ എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ലാത്തത് കൂടുതൽ ആശങ്കൾ സൃഷ്ടിക്കുകയാണ്.

By Arya MR