ഇടുക്കി:
ഇടുക്കി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചെന്നു മന്ത്രി എംഎം മണി. ജില്ലയില്‍ പ്രതീക്ഷിക്കാത്ത നിലയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ ആളുകള്‍ സംഘം ചേരരുതെന്നും, മാസ്ക് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പീരുമേട് എംഎല്‍എ ഇഎസ് ബിജിമോളും നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് ദിവസം മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ഏലപ്പാറയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് എംഎല്‍എയെ നിരീക്ഷണത്തിലാക്കിയത്. അതേസമയം, ഇടുക്കിയില്‍ തൊടുപുഴ നഗരസഭാംഗം അടക്കം മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയിലും പരിശോധനയ്ക്ക് സംവിധാനം വേണമെന്ന് മന്ത്രി പറഞ്ഞു. പലചരക്ക്, പച്ചക്കറി കട 11 മുതല്‍ അഞ്ചുവരെ തുറക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരിലാണ് കൂടുതലും വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ സ്ഥിതി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.