Mon. Dec 23rd, 2024
അബുദാബി:

 
അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്നു രാവിലെ ആറര വരെ ഒരു ലക്ഷത്തി നാൽപ്പത്തി ഏഴായിരം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുട‍ർന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ നോർക്ക രജിസ്ട്രേഷനിൽ ആദ്യ മണിക്കൂറുകളിൽ തന്നെ ഒരുലക്ഷത്തിലധികം ആളുകൾ താത്പര്യം അറിയിച്ചതോടെ പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യം വഹിക്കുക എന്നാണ് സൂചന. തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കാനുമാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. അതിനാൽ, ആദ്യം രജിസ്റ്റർ ചെയ്തു എന്ന് കരുതി മുൻഗണന ഉണ്ടാകില്ലെന്നും ആയതിനാൽ തിരക്ക് കൂട്ടേണ്ടന്നും സർക്കാർ അറിയിച്ചു. ഗർഭിണികൾ, മറ്റ് പലതരം രോഗമുള്ളവർ, സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന നൽകുക.

By Arya MR