Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മന്‍ കി ബാത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന സര്‍ക്കാരുകളെ മോദി അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നു. സംസ്ഥാന സര്‍ക്കാരുകളും  പഞ്ചായത്തുകളും വലിയ പങ്കാണ് പ്രതിരോധത്തില്‍ നിര്‍വഹിക്കുന്നത്. പൊലീസുകാരെയും ശുചീകരണ തൊഴിലാളികളെയും, കര്‍ഷകരെയും  അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.  ഈ പ്രതിസന്ധി കാലത്തും രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ കർഷകർ വലിയ സംഭാവന വഹിച്ചു.

കൊവിഡ് കാലം കഴിയുന്നതോടെ പുതിയ ഇന്ത്യയ്ക്ക് തുടക്കമാകും. മാസ്ക് ധരിക്കുന്നത് കൊവിഡിന് ശേഷവും ജീവിത ശെെലിയാകുമെന്നും, പൊതുസ്ഥലത്ത് തുപ്പുന്നത് കര്‍ശനമായി ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം,  ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്നും  പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കുന്നുവെന്നും  അദ്ദേഹം പറ‍ഞ്ഞു. ലോകത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ വലിയ പങ്ക് വഹിക്കുന്നു. നിരവധി രാജ്യങ്ങള്‍ക്കാണ് മരുന്നുകള്‍ എത്തിച്ചത്. പല വിദേശ രാജ്യങ്ങളും രാജ്യത്തോട് നന്ദി പറയുകയാണെന്നും  അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam