Wed. Dec 18th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് കാസർഗോഡ് ജില്ലയിലെ മൂന്ന് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇന്ന് 15 പേർക്ക് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കുടകിൽ നിന്ന് കാട്ടിലൂടെ അതിർത്തി കടന്നെത്തിയ എട്ട് പേരെ കൊറോണ കെയർ സെന്ററിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 57 പേരാണ് അതിർത്തി കടന്നെത്തിയത്. അതുകൊണ്ട് തന്നെ അതിർത്തി പങ്കിടുന്ന പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗൾഫിൽ മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഇന്ത്യൻ എംബസികളുടെ ക്ലിയറൻസ് വേണ്ടതിനാൽ ദില്ലിയിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എൻഒസി ആവശ്യപ്പെടുന്നുണ്ട്. കൊവിഡിനെതിരായ പ്രതിരോധത്തിൽ കുടുംബശ്രീ അംഗങ്ങളെയും തപാല്‍ വകുപ്പിലെ ജീവനക്കാരെയും അദ്ദേഹം പ്രശംസിച്ചു.

സ്പ്രിംക്ലര്‍ വിഷയത്തിൽ കോടതി പരാമർശമല്ല ഉത്തരവാണ് പ്രധാനമെന്നും കൂടുതൽ പ്രതികരണം ഉത്തരവ് പകർപ്പ് കിട്ടിയ ശേഷം നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഡാറ്റാ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഡാറ്റാ സുരക്ഷയ്ക്ക് വലിയ പരിഗണനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

By Athira Sreekumar

Digital Journalist at Woke Malayalam