Thu. Jan 23rd, 2025

തിരുവനന്തപുരം:

കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കെെമാറിയെന്ന വിവാദം ചൂടുപിടിക്കുമ്പോള്‍ സര്‍ക്കാരിന് അതൃപ്തി അറിയിച്ച് സിപിഐ. സ്പ്രിംക്ലര്‍ വിവാദത്തില്‍ നേരത്തെ തന്നെ തങ്ങളുടെ നിലപാട് ജനയുഗം പത്രത്തിലൂടെ സിപിഐ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചിരിക്കെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എകെജി സെന്ററിലെത്തിയ കാനം രാജേന്ദ്രൻ സിപിഐയുടെ ഡേറ്റ നയത്തിന് വിരുദ്ധമായ കരാർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണനെ നിലപാട് അറിയിച്ചു.

എന്തു കൊണ്ട് കരാര്‍ വിശദാംശങ്ങൾ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന ചോദ്യം കാനം രാജേന്ദ്രന്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധിക്ക് ശേഷം മുന്നണിയോഗത്തിൽ വിഷയം ചർച്ചചെയ്യാമെന്നായിരുന്നു കോടിയേരിയുടെ മറുപടി.

സ്പ്രിംക്ലര്‍ കരാറിനെ കുറിച്ച് വിശദീകരിക്കാൻ ഐടി സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇന്നലെ സിപിഐ ആസ്ഥാനത്തെത്തി വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനം സിപിഎമ്മിനെ അതൃപ്തി അറിയിച്ചിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam