Mon. Dec 23rd, 2024
ജനീവ:

കൊവിഡ് 19 മഹാമാരിയുടെ ഏറ്റവും ഭയാനകമായ ഘട്ടം വരാനിരിക്കുന്നതെ ഉള്ളുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ‘ഞങ്ങളെ വിശ്വസിക്കൂ, മോശപ്പെട്ടത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ,’ എന്നാണ് ലോകാരോഗ്യസംഘടനയുടെ ജനീവയിലെ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ട്രെഡോസ് പറഞ്ഞത്. ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാമെന്നും എന്നാൽ, ഇതൊരു വൈറസ് ആണെന്ന്   നിരവധി ആളുകൾക്ക് ഇനിയും മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരോഗ്യ സംവിധാനങ്ങള്‍ വളരെ കുറവായ ആഫ്രിക്കയായിരിക്കും കൊവിഡ് 19-ന്റെ അടുത്ത പ്രഭവകേന്ദ്രമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലോകാരോഗ്യസംഘടന കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് മുൻകൂട്ടി വിവരങ്ങൾ നൽകിയില്ലെന്നും ചൈനയ്‌ക്കൊപ്പം നിന്ന് ഈ വ്യാപനത്തെക്കുറിച്ച് മറച്ചുവെച്ചുവെന്നും ആരോപിച്ച് അമേരിക്ക സംഘടനയ്ക്ക് വാഗ്ദാനം ചെയ്തിരുന്ന എല്ലാ സഹായങ്ങളും പിൻവലിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാൽ, ലോകാരോഗ്യസംഘടനയ്ക്ക് ഈ വിഷയത്തിൽ ഒരു രഹസ്യങ്ങളുമില്ലെന്നും കാരണം ഇതൊരു ആരോഗ്യപ്രശ്‌നമാണെന്നും ടെഡ്രോസ് അഭിപ്രായപ്പെട്ടു.

കൊവിഡ് 19 നെ നമ്പര്‍ വണ്‍ പൊതുശത്രുവാണെന്ന് പ്രഖ്യാപിച്ച ടെഡ്രോസ് ഈ പിശാചിനെതിരെ എല്ലാവരും പോരാടണമെന്ന് ഒന്നാം ദിവസം മുതല്‍ തങ്ങള്‍ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ആവർത്തിച്ചു.

 

 

 

 

 

 

 

 

By Arya MR