Mon. Dec 23rd, 2024
ഡൽഹി:

കൊവിഡ് വ്യാപനത്തിനിടയിൽ അമേരിക്കയിലും ഇറാനിലും കുടുങ്ങിയവരെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ നിര്‍ദ്ദേശിക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ലോകമെമ്പാടും കൊവിഡ് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ആണെന്നും അതിനാൽ തന്നെ വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇറാനിൽ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാൻ അവിടത്തെ ഇന്ത്യൻ ഏംബസിക്ക് നിര്‍ദ്ദേശം നൽകണമെന്ന് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരുകൾ  നേരിട്ട് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നത് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സർക്കുലർ ശരിവെച്ച കോടതി ഇതര സംസ്ഥാന തൊഴിലാളികൾക്ക് അടിസ്ഥാന വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കേന്ദ്രത്തിന്റെ തീരുമാനത്തിന് വിട്ടു.

By Arya MR