ഡൽഹി:
രാജ്യത്ത് ഇതുവരെ 18,601 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 14,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. 590 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 552 പേർക്കും ഗുജറാത്തിൽ 247 പേർക്കുമാണ് ഇന്നലെ മാത്രം വൈറസ് ബാധ കണ്ടെത്തിയത്.
മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗോവ കൊവിഡ് മുക്തമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ രാഷട്രപതി ഭവനിലെ നൂറോളം പേർ നിരീക്ഷണത്തിൽ കഴിയുകയാണ്.
എന്നാൽ കൊവിഡ് നിർണയ പരിശോധന വേഗത്തിലാക്കാനും വ്യാപകമാകാനുമായി പന്ത്രണ്ടായിരം റാപിഡ് ടെസ്റ്റ് കിറ്റുകളാണ് കേരളത്തിനായി ഐസിഎംആർ അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് ഈ കിറ്റുകൾ പ്രയോജനപ്പെടുത്തുക എന്നാണ് റിപ്പോർട്ട്.