തെലങ്കാന:
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മെയ് ഏഴ് വരെ ലോക് ഡൗണ്‍ നീട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ സാഹചര്യങ്ങൾ മെയ് അഞ്ചിന് സർക്കാർ പരിശോധിച്ച ശേഷം തുടർ തീരുമാനം കൈകൊള്ളുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഓണ്‍ലെെന്‍ ഭക്ഷണ വിതരണക്കാരടക്കമുള്ളവർക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ടാകില്ല. അരി മില്ലുകളെയും മരുന്നു കമ്പനികളെയും ലോക്ഡൗൺ കാലത്ത് പ്രവർത്തിക്കാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക റേഷൻ അനുവദിക്കും. കുടുംബ സമേതം തെലങ്കാനയിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളാണെങ്കിൽ 1500 രൂപ ധന സഹായവും നൽകും. തെലങ്കാനയിൽ ഇതുവരെ 858 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ മരിക്കുകയും 186 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.