മുംബെെ:
യൂറോ കപ്പ്, കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യൻസ് ലീഗ് തുടങ്ങി ആരാധകര്‍ കാണാന്‍ കാത്തിരുന്ന ഒട്ടുമിക്ക കായിക ഇനങ്ങളും കൊറോണ വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനോടകം തന്നെ മാറ്റിവെച്ച് കഴിഞ്ഞു. ജപ്പാനില്‍ നടക്കേണ്ടിയിരുന്നു ടോക്കിയോ ഓളിമ്പിക്സ് പോലും വെെറസ് ഭീതി മൂലം മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ടി20 ലോകകപ്പും നടക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
എന്നാല്‍ ഇതുവരെ ലോകകപ്പ് മാറ്റിവെച്ചിട്ടില്ല. ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഓഗസ്റ്റില്‍ മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, കൊവിഡ് 19 കാരണം ആറ് മാസത്തേക്ക് ഓസ്ട്രേലിയ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 30ന് ശേഷം മാത്രം ഇനി അതിര്‍ത്തി തുറക്കുകയുള്ളു. അതുകൊണ്ട് തന്നെ ഓഗസ്റ്റ് വരെ ലോകകപ്പുമായി ബന്ധപ്പെട്ട് ഐസിസി നിർണായക തീരുമാനം ഒന്നും തന്നെ എടുക്കില്ലെന്ന് ഐസിസി പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.