Tue. Nov 5th, 2024
മുംബൈ:

മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 53 മാധ്യമപ്രവർത്തകർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നഗരത്തിലെ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർക്ക് ഇടയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ആളുകൾക്ക് രോഗം കണ്ടെത്തിയത്.

ഏപ്രിൽ 1-ന് നടത്തിയ പ്രത്യേക ക്യാമ്പിൽ വച്ച് 167 മാധ്യമപ്രവർത്തകരെയാണ് ബോംബെ മെട്രോ കോർപ്പറേഷൻ (ബിഎംസി) കൂട്ടത്തോടെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ 53 പേരുടെ ഫലമാണ് പോസിറ്റിവ് ആയിരിക്കുന്നത്. ഇനിയും നിരവധി ആളുകളുടെ ഫലം പുറത്തുവരാനുണ്ട്.

വിവിധ ന്യൂസ് ചാനലുകളിലെ റിപ്പോർട്ടർമാർക്കും, ക്യാമറാമാൻമാർക്കും, ഫോട്ടോഗ്രാഫർമാർക്കുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ മിക്കവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നതും ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകരോടും ക്വാറന്‍റീനിൽ പോകാനും ന്യൂസ് റൂമുകളിൽ കർശനമായും വർക് ഫ്രം ഹോം പാലിക്കാനും ബിഎംസി നിർദേശം നൽകിയിരിക്കുകയാണ്.

By Arya MR