Thu. Mar 28th, 2024
മുംബൈ:

ജസ്‍ലോക് ആശുപത്രിയിലെ 26 പേർ ഉൾപ്പെടെ 28 നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ വൈറസ് ബാധിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി. 2 നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്ന നഴ്സുമാർക്കിടയിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ഇന്നലെ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷങ്ങൾ ഇല്ലാതിരുന്നതിനാൽ ഡ്യൂട്ടിയിൽ തിരിച്ച് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

52 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച മുംബൈ സെന്‍ട്രലിലെ വോക്കാര്‍ഡ് ആശുപത്രിയിൽ ഇന്നലെ അഞ്ച് മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വോക്കാര്‍ഡ് ആശുപത്രിയിൽ മാത്രം 62 നഴ്സുമാർക്കാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. നഗരത്തിലെ ഭാട്ടിയ, ബ്രീച്കാണ്ടി, ജസ്‌ലോക് ആശുപത്രികളിലെ 12ഓളം മലയാളി നഴ്സുമാർക്ക് നേരത്തെ രോഗ ബാധ കണ്ടെത്തിയിരുന്നു.

മുംബൈയിൽ രോഗികളുടെ എണ്ണം രണ്ടായിരം കടന്നിട്ടും സമൂഹവ്യാപനം ഇല്ലെന്നാണ് ബ്രിഹാൻമുംബൈ കോർപറേഷൻ അധികൃതർ പറയുന്നത്. ക്വാറന്റീനിൽ കഴിയുന്നവരിൽ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ ഉടൻ തന്നെ പരിശോധനയ്ക്കു വിധേയമാക്കേണ്ട എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ബിഎംസി. നിലവിൽ മുംബൈ നഗരത്തിൽ 43,249 പേർ വീടുകളിലും 3,271 പേർ സർക്കാർ കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിൽ കഴിയുന്നതായാണ് റിപ്പോർട്ട്.

 

 

By Athira Sreekumar

Digital Journalist at Woke Malayalam