തിരുവനന്തപുരം:
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി നല്‍കി. മെയ് 31ന് വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന് കൈമാറണം എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍, സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന അദ്ദേഹത്തിന്‍റെ പുസ്തകത്തിൽ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ച് ജേക്കബ് തോമസ് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഭൂമി അനധികൃത സ്വത്തായി കാണാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാർശ.