ന്യൂഡല്‍ഹി:
ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍. കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി ഏഴ് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായും, 23 പേര്‍ മരിച്ചതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 19 ഇടങ്ങളില്‍ രോഗം ഇരട്ടിക്കല്‍ ദേശീയ ശരാശരിയെക്കാള്‍ താഴെയാണെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി. മെയ് മാസത്തോടെ പത്ത് ലക്ഷം റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍-പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ കിറ്റുകള്‍ തദ്ദേശിയമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.