Mon. Dec 23rd, 2024
യുഎഇ:

 
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം കടന്നു. യുഎഇയിലെ ഷാര്‍ജയിലാണ് കൊവിഡ് ബാധിച്ച് മലയാളി മരിച്ചത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുമ്പാംഗം ഷാജി സക്കറിയയ്ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്. 51 വയസ്സായിരുന്നു.

അതേസമയം, സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 6 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 123 ആയി. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  താമസയിടങ്ങളില്‍ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇവിടെ മാത്രം മരണ സംഖ്യ 79 ആയി ഉയര്‍ന്നു. പുതിയ 493 പോസിറ്റീവ് കേസുകളും ഇന്ന് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം അയ്യായിരത്തി എണ്ണൂറ്റി അറുപത്തി രണ്ടായി ഉയര്‍ന്നിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam