ന്യൂഡൽഹി:
പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ ‘ഷീല്‍ഡ്’ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന്‍ ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുന്നത്.
ഈ പ്രദേശങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും നേരിട്ടെത്തി പരിശോധനകള്‍ നടത്തും. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാനും അനുമതിയില്ല. എല്ലാ സാധനങ്ങളും അതത് വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കും. ഡല്‍ഹിയില്‍ ഇതുവരെ 720 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും പന്ത്രണ്ട് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.