Mon. Dec 23rd, 2024

ഡൽഹി:

കേരള-കർണാടക അതിർത്തി തർക്കം സംസ്ഥാനങ്ങൾ തമ്മിൽ തന്നെ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കർണാടകം അതിർത്തി അടച്ചപ്പോൾ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള മറ്റ് രോഗികൾക്ക് ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് പോകാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. നേരത്തെ കേരളം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, അതിർത്തി തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കർണാടക നിയന്ത്രണത്തിന് അയവ് വരുത്തിയിരുന്നില്ല.

പിന്നീട്, കേരളം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, സുപ്രീം കോടതി ഹർജി പരിഗണിക്കും മുൻപ് തന്നെ പ്രസ്തുത വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തുകയും, കൊവിഡ് ബാധയില്ലാത്ത മറ്റ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മംഗളൂരുവിൽ ചികിത്സ തേടാൻ കർണാടക അനുമതി നൽകുകയും ചെയ്തു. രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തലപ്പാടിയിലൂടെ കടത്തിവിടുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ തയ്യാറായതായും ഇരു സംസ്ഥാനങ്ങൾക്കും വേണ്ടി ഹാജരായ കേന്ദ്രം സുപ്രീം കോടതിയെ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് സുപ്രീംകോടതി തീര്‍പ്പാക്കി.

By Arya MR