Mon. Dec 23rd, 2024
തിരുവനന്തപുരം:

 
പാൽ വിതരണം, സംഭരണം എന്നീ കാര്യങ്ങൾ വ്യക്തമാക്കാനായി മിൽമ ഇറക്കിയ കുറിപ്പ്:-

ക്ഷീരസംഘങ്ങൾ വഴി ക്ഷീരകർഷകരിൽ നിന്നും പാൽ സംഭരിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തില്ലെന്നും മുഴുവൻ പാലും മിൽമ സ്വീകരിക്കുമെന്നും മിൽം ചെയർമാൻ പി എ ബാലൻ മാസ്റ്റർ വ്യക്തമാക്കി. കൊവിഡ് 19 ലോൿഡൌൺ മൂലം മേഖല യൂണിയനുകളുടെ പാൽ വില്പനയിൽ കാര്യമായ കുറവു വരികയും പാൽ സംഭരണം വർദ്ധിക്കുകയും ചെയ്തപ്പോൾ തമിഴ്‌നാട് ഫെഡറേഷന്റെ പാൽപ്പൊടി ഫാക്ടറികളിൽ കൊണ്ടുപോയി പാൽപ്പൊടി ആക്കുകയായിരുന്നു പതിവ്.

എന്നാൽ തമിഴ്‌നാട് ഫെഡറേഷനിലേക്ക് പാൽ അയയ്ക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് പാൽ സംഭരണത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത്. സംസ്ഥാന ഫെഡറേഷൻ പ്രതിദിനം 50000 ലിറ്റർ പാൽ പൊടിയാക്കാമെന്ന് സമ്മതിച്ചതിനാലും മിൽമയുടെ അഭ്യർത്ഥന മാനിച്ച് ഡോഡ്‌ല ഡയറിയുടെ ആന്ധ്രപ്രദേശിലെ യൂണിറ്റിൽ പ്രതിദിനം 1 ലക്ഷം ലിറ്റർ പാലും, ഡിണ്ടിഗൽ ഡയറിയിൽ 30000 ലിറ്റർ പാലും പൊടിയാക്കാമെന്ന് സമ്മതിച്ചതിനാലുമാണ് കർഷകരിൽ നിന്നും മുഴുവൻ പാലും സംഭരിക്കുന്നതിനു സാധ്യമാകുന്നത്.

ആയതിനാൽ നാളെ മുതൽ മലബാർ മേഖല യൂണിയനിലും എറണാകുളം യൂണിയനിലും കർഷകരിൽ നിന്നും മുഴുവൻ പാലും സ്വീകരിക്കും. തിരുവനന്തപുരം മേഖല യൂണിയനിൽ വില്പനയേക്കാൾ സംഭരണം കുറവായതിനാൽ പ്രതിസന്ധിയില്ല. കേരള സർക്കാരിന്റെ, ഏപ്രിൽ ഒന്നിലെ ഉത്തരവു പ്രകാരം അങ്കണവാടികൾക്കും അതിഥി തൊഴിലാളി ക്യമ്പുകളിലും പാലും തൈരും നൽകുന്നതിന് ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവനുസരിച്ച് ജില്ലാകളക്ടർമാരുമായി ബന്ധപ്പെട്ട് മിൽമയുടെ അതാത് ഡയറികളിൽ നിന്നും പാലും തൈരും വിതരണം ചെയ്യുന്നതാണ്.

ഉപഭോക്താക്കൾക്ക് പാൽ ലഭ്യതയെ സംബന്ധിച്ചും, ക്ഷീരകർഷകർക്ക് പാൽ വില്പനയെ സംബന്ധിച്ചും ആശങ്ക വേണ്ടെന്നും മിൽമ ചെയർമാൻ വ്യക്തമാക്കി.