#ദിനസരികള്‍ 993
ഭ്രാന്ത് ബാധിച്ചവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എങ്ങനെയിരിക്കും എന്നാണ് ഇന്നലെ ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജെഎന്‍യു അക്രമവും അതിനു തലേ ദിവസം ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ കാസിം സുലൈമാനിയുടെ വധവും സാക്ഷ്യപ്പെടുത്തുന്നത്. ആദ്യത്തേത് നമ്മുടെ രാജ്യത്തിനകത്തു നടന്നതാണെങ്കില്‍ രണ്ടാമത്തേത് അമേരിക്ക മറ്റൊരു രാജ്യത്തിന് മുകളില്‍ നടത്തിയ അക്രമമാണ്. തമ്മിലുള്ള സാദൃശ്യമെന്നു പറയുന്നത്, ഭരണാധികാരികളുടെ കാര്‍മികത്വത്തില്‍ നടക്കുന്ന തെമ്മാടിത്തരമാണ് രണ്ടും എന്നതാണ്.
ജെഎന്‍യുവില്‍ ആക്രമിച്ചു കയറിയ ആറെസ്സെസ്സും എബിവിപിയും അടക്കമുളള തീവ്രവാദ സംഘടനകള്‍ അവിടെ കലാപമാണ് അഴിച്ചു വിട്ടത്. ചുറ്റികയും ഇരുമ്പുദണ്ഡകളുമായി മുഖംമൂടി ധരിച്ച എത്തിയവര്‍ ഹോസ്റ്റലുകളടക്കം അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്കൂട്ടര്‍ തല്ലിച്ചതച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക സുചിത്ര സെന്‍ എന്നിവരുടെ തലയാണ് അടിച്ചു പൊട്ടിച്ചത്.
അക്രമത്തില്‍ പത്തുമുപ്പതോളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുദ്രാവാക്യം വിളിച്ചു കൊണ്ട് കാമ്പസിലെത്തിയ അക്രമികള്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ ഈ വിവരിച്ചതിലും എത്രയോ അധികമാണ്. അമിത് ഷാ ആഭ്യന്തര മന്ത്രിയായിരിക്കുകയും മോദി പ്രധാനമന്ത്രിയായിരിക്കുകയും ചെയ്യുന്ന ഒരു നാട്ടില്‍ ആരേയും പേടിക്കേണ്ടതില്ലെന്ന ധാര്‍ഷ്ട്യമാണ് സംഘപരിവാരത്തെ ഇത്തരമൊരു അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തം. അവര്‍ അധികാരം കൊണ്ട് ജനതയെ വെല്ലുവിളിക്കുയാണ്.
ഒരു കലാലയം രാജ്യത്തിന്റെ തെറ്റായ പോക്കിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ കേന്ദ്രമാകുന്നതില്‍ ആറെസ്സെസ്സും മറ്റു വൈതാളികര്‍ക്കും അസ്വസ്ഥതയുണ്ടാകുക സ്വാഭാവികമാണ്. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന എല്ലാ വര്‍ഗ്ഗീയേതര മുന്നേറ്റങ്ങളുടേയും തുടക്കം ഒരു പക്ഷേ ഇത്തരത്തിലുള്ള സര്‍വ്വകലാശാലകളില്‍ നിന്നാകുന്നുവെന്നത് അവരെ കൂടുതലായി അക്രമോത്സുകരാക്കുന്നുണ്ടാകാം. പൌരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമാകമാനം പുകയാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി.
പ്രതിഷേധം കൂടിവരുന്നുവെന്നതും അതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത് ജെഎന്‍യു അടക്കമുള്ള കലാശാലകളാണ് എന്നതും സംഘപരിവാരത്തെ പ്രകോപിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഏതു വിധേനയും തങ്ങളെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും ആസൂത്രണം ചെയ്യപ്പെട്ടതാണ് ഈ അക്രമം എന്നത് വ്യക്തമാണ്. പക്ഷേ കാര്യങ്ങള്‍ അങ്ങനെ എളുപ്പത്തിലൊന്നും തങ്ങളുടെ ചൊല്പടിക്കു വരുത്താന്‍ ആറെസെസ്സിന് കഴിയില്ല എന്നുതന്നെയാണ് വ്യക്തമാകുന്നത്.
പുതിയൊരു ഊര്‍ജ്ജത്തോടെ കൂടുതല്‍ ശക്തിയായി പ്രതിഷേധത്തിന്റെ തീപ്പടര്‍പ്പുകളിലേക്ക് ഇറങ്ങാനുള്ള മറ്റൊരവസമായിട്ടേ ജെഎന്‍യുവിലെ സമര യുവത്വം ഈ ആക്രമണത്തെ കാണുകയുള്ളു. അത് സമരതീക്ഷ്ണമായ നാളെകളെ സൃഷ്ടിച്ചുകൊണ്ട് ഹിന്ദുത്വവാദികളെ വെല്ലുവിളിക്കുക തന്നെ ചെയ്യും.
തെമ്മാടി രാഷ്ട്രമെന്ന് പേരുകേട്ട അമേരിക്കയിലെ (വില്യം ബ്ലം, റോഗ് സ്റ്റേറ്റ് എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്.) ട്രംപാകട്ടെ രാജ്യത്ത് തനിക്കെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് അടക്കമുള്ള ആഭ്യന്തര കുഴപ്പങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് മറ്റൊരു രാജ്യത്തിന്റെ മുകളില്‍ കുതിരകേറുന്നത്. മോദി സ്വന്തം രാജ്യത്തിലെ ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുമ്പോള്‍ ട്രംപ് പരമ്പരാഗത ശത്രുവിനെ ആക്രമിക്കുന്നുവെന്ന വ്യത്യാസം മാത്രം.
ട്രംപിന്റെ വാക്കുകളിലെ യുദ്ധോത്സുകത ഒരു രാഷ്ട്രനേതാവിനും യോജിച്ചതല്ല. രണ്ടു ലക്ഷം കോടി രൂപ മുടക്കുള്ള മനോഹരമായ ഒരു ആയുധം ഇറാനെ കാത്തിരിക്കുന്നുവെന്നാണ് ട്രംമ്പ് ട്വീറ്റ് ചെയ്തത്. എത്ര പ്രകോപനപരവും ലോകത്തെ മറ്റൊരു മഹായുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ പര്യാപ്തവുമാണ് ആ വാക്കുകളെന്ന് ചിന്തിക്കുക.
അമേരിക്കയുടെ ഇറാന്‍ ആക്രമണത്തിന്റെ ഗുണഫലം അനുഭവിക്കുന്നവരില്‍ പ്രധാനികള്‍, സത്യം പറഞ്ഞാല്‍ ട്രംപും മോദിയും തന്നെയാണ് എന്നതാണ് വസ്തുത. പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യാന്തരതലത്തില്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്ന ഒരു ഘട്ടത്തിലാണ് മോദിയ്ക്ക് സഹായകമാകുന്ന വിധത്തില്‍ അമേരിക്കയുടെ ആക്രമണമുണ്ടാകുന്നത്. അതോടെ മിക്ക ലോകരാജ്യങ്ങളും കാസിം സുലൈമാനിയുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
എന്താണ് ഇറാന്റെ പ്രതികരണമെന്നും അത് മറ്റൊരു ലോകയുദ്ധത്തിലേക്ക് വഴിമരുന്നാകുമോയെന്നുമുള്ള ആശങ്കകള്‍ക്ക് പ്രഥമസ്ഥാനം ലഭിച്ചു. പൌരത്വ ഭേദഗതി നിയമത്തില്‍ നിന്നും ലോകരാജ്യങ്ങളുടെ ശ്രദ്ധ മാറി. യുദ്ധം വിളംബരം ചെയ്തുകൊണ്ട് ജംകറാന്‍ പള്ളിയില്‍ ഇറാന്‍ ചുവന്ന കൊടി ഉയര്‍ത്തിയതോടെ ലോകസാഹചര്യം ആകെപ്പാടെ കലുഷിതമായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ യുഎന്‍ വരെ പ്രതികൂലമായി അഭിപ്രായം പറഞ്ഞ പൌരത്വ ഭേദഗതി ബില്‍ ഇനിയെത്ര ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് കണ്ടുതന്നെ അറിയണം.
ഫലത്തില്‍ മുസ്ലിം വിരുദ്ധരായ രണ്ടു വ്യക്തികള്‍ ഒരൊറ്റ ആക്രമണം കൊണ്ട് രക്ഷപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഇത്തരം ഭ്രാന്തന്മാരുടെ കൈകളില്‍ നിന്നും ലോകത്തെ മോചിപ്പിച്ചെടുക്കണമെങ്കില്‍ ജനത, ചെറുതല്ലാത്ത വില കൊടുക്കേണ്ടി വരും എന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. നാം, ഇന്ത്യയിലെ ജനത ആ വിലയാണ് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.