Sat. Jan 18th, 2025
തിരുവനന്തപുരം:

 
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അലനും താഹയും പരിശുദ്ധന്മാരാണെന്ന ധാരണ വേണ്ടെന്നും ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചു കൊണ്ടു പോയതല്ലെന്നും അവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് മഹാപരാധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇരുവര്‍ക്കുമെതിരായ കേസ്, കുറ്റപത്രം സമര്‍പ്പിക്കുമ്പോഴേക്കും എന്‍ഐഎ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായിയുടെ പരാമര്‍ശം. ഇതോടെ അലനും താഹയ്ക്കുമെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് കൂടി വ്യക്തമാക്കുകയാണ് സര്‍ക്കാര്‍,

പ്രമേയം നിയമവിരുദ്ധമല്ല. പൗരത്വ നിയമത്തില്‍ കേരളം പാസാക്കിയത് സുപ്രധാന പ്രമേയമാണ്. നന്മയുടെ പക്ഷമുള്ള ഒരു കാര്യത്തിലും കേരളം പുറകിലല്ല. നിയമസഭയ്ക്ക് അതിന്റേതായ അവകാശങ്ങളുണ്ടെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുടേത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. കേരള പുനര്‍നിര്‍മ്മാണത്തെ കുറിച്ചുള്ള ആശയങ്ങള്‍ കേരളസഭയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. തര്‍ക്കങ്ങളുള്ള പള്ളികളിലെ സംസ്‌കാരത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരും. ഇത്തരം പള്ളികളില്‍ സെമിത്തേരിക്ക് പുറത്ത് സംസ്‌കാര ശുശ്രൂഷ നടത്താം. കുടുംബ കല്ലറകളില്‍ അടക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സാമൂഹിക സന്നദ്ധ സേനക്ക് രൂപം നല്‍കും. ഇതില്‍ 3,40000 അംഗങ്ങളുണ്ടാകും. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിശീലനം നല്‍കും. റേഷന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഈ വര്‍ഷം തന്നെ കാര്‍ഡ് ലഭിക്കാനുളള നടപടികള്‍ പൂര്‍ത്തിയാക്കും. പൊതുശുചിമുറികള്‍ കൂടുതലായി നിര്‍മ്മിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ടൈം ജോലി എടുക്കാനുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു രാത്രി താമസത്തിന് സൗകര്യമൊരുക്കും. റോഡുകളുടെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

One thought on “അലനും താഹയും പരിശുദ്ധന്മാരാണെന്ന ധാരണ വേണ്ട; മുഖ്യമന്ത്രി പിണറായി വിജയന്‍”
  1. […]   മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ കേസ് എൻ‌ഐ‌എ ഏറ്റെടുത്തിരിക്കുകയാണ്. അലനും താഹയും പരിശുദ്ധന്മാരാണെന്ന ധാരണ വേണ്ടെന്നും ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചു കൊണ്ടു പോയതല്ലെന്നും അവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് മഹാപരാധമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. […]

Comments are closed.