Thu. Apr 18th, 2024
ന്യൂഡല്‍ഹി:

 
രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ വിവാദമായ പൗരത്വ ഭേദഗതി നിയമം അടിസ്ഥാനമാക്കി ഇന്ത്യന്‍പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇപ്പോഴും പ്രതിഷേധം ആളിക്കത്തുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും അരങ്ങേറുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു.

ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണച്ചു. നിയമസഭ ഒറ്റക്കെട്ടായി നിയമത്തിനെതിരെ അതിശക്തമായ നിലപാട് എടുത്തപ്പോള്‍ ബിജെപി മാത്രമാണ് എതിര്‍ത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ നിയമസഭയാണ് കേരളത്തിലേത്.

ഇത്തരത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ആലോചിക്കുന്നത്. ഇതുപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന് കീഴില്‍ പുതിയ സംവിധാനത്തിനാണ് രൂപം നല്‍കുക. പൗരത്വം വേണ്ടവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ, രേഖകളുടെ പരിശോധനയും പൗരത്വം അനുവദിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, പൗരത്വം, വിദേശിക്ക് പൗരത്വം നല്‍കല്‍ അടക്കം 97 വിഷയങ്ങള്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ്.