Fri. Apr 26th, 2024
തിരുവനന്തപുരം:

 
പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ‘ഒന്നിക്കാം, സംവദിക്കാം, മുന്നേറാം’ എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇന്ന് വൈകീട്ട് അഞ്ചിന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരും ജനപ്രതിനിധികളും പ്രമുഖ പ്രവാസികളും സാഹിത്യകാരന്മാരും പങ്കെടുക്കും.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ ഹാളിലാണ് സമ്മേളനം. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സഭയുടെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നയരേഖ അവതരിപ്പിക്കും. ലോകകേരള സഭ സ്ഥിരം വേദിയാക്കാനുള്ള നിയമനിര്‍മ്മാണത്തിന് കരട് ബില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും ഉള്‍പ്പെടെ 351 അംഗങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും.

രണ്ടിന് രാവിലെ 9.30ന് രണ്ടാം ലോക കേരള സഭയുടെ പരിഗണനയ്ക്ക് വിധേയമാകുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. നവകേരള സൃഷ്ടിയില്‍ പ്രവാസികളുടെ പങ്കിനെക്കുറിച്ച് ഇത്തവണത്തെ ലോക കേരള സഭ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഗള്‍ഫ്, സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കം 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി കേരള വികസനത്തിന് ഉപയോഗിക്കുകയും നിക്ഷേപ സംരംഭകര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ വിനിയോഗിക്കുകയുമാണ് ലക്ഷ്യം. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഒന്നാം സമ്മേളനത്തില്‍ ഇന്ത്യയുള്‍പ്പെടെ 28 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മേഖലയിലെ പ്രഗത്ഭരായ മലയാളികളെ പ്രത്യേക ക്ഷണിതാക്കളായി നിശ്ചയിച്ചിട്ടുണ്ട്.

അതേ സമയം ലോക കേരളസഭയുടെ രണ്ടാംസമ്മേളനത്തില്‍ യുഡിഎഫ് അംഗങ്ങള്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോക കേരളസഭ പ്രവാസികള്‍ക്കോ കേരളത്തിനോ പ്രയോജനമുണ്ടാക്കില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടികളുടെ അധ്യക്ഷന്‍ തന്നെ പങ്കെടുക്കണമെന്നില്ലെന്നും പ്രതിനിധിയായി ഒരാള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.