Wed. Dec 18th, 2024
ന്യൂഡല്‍ഹി:

 
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍.
ത്രികോണാകൃതിയിലാവും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം.

ഒപ്പം സെന്‍ട്രല്‍ വിസ്റ്റയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് എതിര്‍വശമായി പ്രധാനമന്ത്രി മോദിക്ക് വസതിയും പണിയാനാണ് തീരുമാനം. ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം 2022 ഓടെ പൂര്‍ത്തിയാക്കും.

പാര്‍ലമെന്റ് മന്ദിരത്തിന്റെ പുനര്‍വികസനത്തിനായി വാസ്തുവിദ്യ ഉപദേഷ്ടാവായി അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈന്‍ പ്ലാനിംഗ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിമല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്പനി ഗാന്ധിനഗറിലെ സെന്‍ട്രല്‍ വിസ്തയുടെയും അഹമ്മദാബാദിലെ സബര്‍മതി നദീതീരത്തിന്റെയും പുനര്‍വികസനം നടത്തിയിരുന്നു. 229.7 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്, കണക്കു കൂട്ടിയിരുന്ന 448 കോടി രൂപയെക്കാള്‍ വളരെ താഴെയാണ് ഇതെന്ന് നഗര വികസന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.

ഇപ്പോഴുളള പാര്‍ലമെന്റ് സമുച്ചയത്തിന് സമീപത്ത് തന്നെയാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുന്നത്. ശാസ്ത്രി ഭവന്‍, നിര്‍മ്മാണ്‍ ഭവന്‍, റെയില്‍ ഭവന്‍, വായു ഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാകും പ്രധാനമന്ത്രിക്ക് പുതിയ വസതിയൊരുക്കുക. എന്നാല്‍ പൈതൃക സ്വഭാവമുള്ള കെട്ടിങ്ങള്‍ അതേപോലെ നിലനിര്‍ത്തും. 900-മുതല്‍ 1000 പേര്‍ക്കിരിക്കാവുന്ന ലോക്‌സഭയാകും ഈ കെട്ടിടത്തിലുണ്ടാകുക. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇവിടെയാകും നടക്കുക. നിലവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന് പകരം രാജ്യസഭയും ഒരു പൊതു ഹാളും ഉണ്ടാവും.

നിലവിലെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഇത് നിലവിലുള്ള നിര്‍ദേശങ്ങള്‍ മാത്രമാണെന്നും തീരുമാനങ്ങള്‍ അന്തിമമായിട്ടില്ലെന്നും ഒരു മുതിര്‍ന്ന ഉദ്യേഗസ്ഥന്‍ പറഞ്ഞു.

250 വര്‍ഷമെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍മ്മാണം നടക്കുന്നതെന്ന് പുരി പറഞ്ഞു. ഡല്‍ഹിയുടെ പരിവര്‍ത്തന നടപടിയെന്ന് ഇതിനെ വിശേഷിപ്പിച്ച മന്ത്രി, അനധികൃത കോളനികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്നത് ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കും. പാര്‍ലമെന്റ് കെട്ടിടത്തിന്റെ പുനര്‍വികസനം 2022 ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്ന് പുരി പറഞ്ഞു.