Fri. Nov 22nd, 2024
തിരുവനന്തപുരം:

 
പുതിയ പരിഷ്‌കാരങ്ങളുമായി പുതുവര്‍ഷം. ജനുവരി ഒന്ന് മുതല്‍ കേരളസംസ്ഥാനം വിവിധങ്ങളായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ജനജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഈ പരിഷ്‌ക്കാരങ്ങള്‍ മാറ്റം കൊണ്ടു വന്നേക്കാം.

പ്രധാനമായും നാല് മേഖലയാണ്‌ മാറ്റങ്ങള്‍ക്കൊരുങ്ങി നില്‍ക്കുന്നത്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജനുവരി ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കയ്റ്റുകള്‍ വരെ നിരോധിച്ചിട്ടുണ്ട്. നിരോധിച്ചവ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. വില്‍പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ. അതേ സമയം ബ്രാന്‍ന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍, വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍, പാല്‍ക്കവര്‍, മത്സ്യവും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന കവറുകള്‍ എന്നിവയ്ക്ക് നിരോധനമില്ല.

കറന്റ് ബില്ലടയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം. പദ്ധതി കര്‍ശനമായി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. വീട്ടുകാരുടെ 3000 രൂപയില്‍ കൂടുതലുള്ള ദ്വൈമാസ ബില്ലും വാണിജ്യ ഉപഭോക്തക്കളുടെ 1500 രൂപയില്‍ കൂടുതലുള്ള മാസബില്ലും ഡിജിറ്റലായി അടക്കണം. കെഎസ്ഇബി കൗണ്ടറുകളില്‍ പണം സ്വീകരിക്കില്ല. മാര്‍ച്ച് വരെയാണ് ഇതില്‍ പരമാവധി ഇളവ് ലഭിക്കുക.

എടിഎമ്മിലും വണ്‍ ടൈം പാസവേഡ് നടപ്പിലാവുകയാണ്. എസ്ബിഐ എടിഎമ്മിലാണ് പാസ്‌വേഡ് വരാന്‍ പോകുന്നത്. 10,000ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധിക്കുക. രാത്രി എട്ടു മുതല്‍ രാവിലെ എട്ടു മണി വരെയുള്ള സമയങ്ങളില്‍ എടിഎം വഴിയുള്ള പണമിടപാട് നടത്തുമ്പോള്‍ അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. ഇതിനുളള നിര്‍ദ്ദേശങ്ങള്‍ എടിഎം സ്‌ക്രീനില്‍ ഉണ്ടായിരിക്കും.

ഫ്ളാറ്റ് നിര്‍മ്മാണമേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യം വെക്കുന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി 2020 നിലവില്‍ വരും. ഇതോടെ നിര്‍മ്മാതാക്കള്‍ക്കും ഏജന്റുമാര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാകും. രജിസ്റ്റര്‍ ചെയ്യാത്ത ആര്‍ക്കും ഈ മേഖലയില്‍ യാതൊരു വിധ പ്രവര്‍ത്തനങ്ങളും നടത്താനാവില്ല. നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ക്ക് പ്രവര്‍ത്തനം തുടരാമെങ്കിലും മൂന്ന് മാസത്തിനകം രജിസ്ട്രേഷന്‍ നടത്തണം.