Sat. Jan 18th, 2025
കോഴിക്കോട്:

 
‘കേരളം വെള്ളരിക്കാ പട്ടണമായോ? ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി ഞാന്‍ കരുതുന്നില്ല. ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുത്ത ഇര്‍ഫാന്‍ ഹബീബിനെതിരെ കേസ് എടുക്കണം’ കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്നും ഗവര്‍ണര്‍ക്കെതിരെ അതിക്രമത്തിന് തുനിഞ്ഞവര്‍ക്കെതിരെ നടപടിയില്ലാത്തത് ആപത്കരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് ഈ കേസില്‍ ഇതുവരെ കേസെടുക്കാത്തതെന്നും തനിക്കെതിരെ ഒരിടത്തും കരിങ്കൊടി പ്രതിഷേധം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നുമാണ് വേദിയില്‍ വെച്ച് ഗവര്‍ണര്‍ പറഞ്ഞത്. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്തണമെന്ന് പറഞ്ഞ് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ഇവര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

അതേ സമയം സംഭവത്തില്‍ ഗവർണ്ണറുടെ നിലപാട് ഇപ്രകാരമായിരുന്നു. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്ക് നേരെ ക്ഷോഭിച്ചതും ചോദ്യങ്ങള്‍ ചോദിച്ചതും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണെന്നും അതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇര്‍ഫാന്‍ ഹബീബ് ചോദ്യങ്ങള്‍ ചോദിച്ചത് തന്റെ മുഖത്ത് നോക്കിയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഇര്‍ഫാന്‍ ഹബീബിന്റെ പേര് കാര്യ പരിപാടിയില്‍ ഇല്ലായിരുന്നു. പേരില്ലാത്ത പരിപാടിയിലാണ് ഇര്‍ഫാന്‍ ഹബീബ് ഇടപെട്ട് സംസാരിച്ചത്. ഇതില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടുണ്ട്.

‘നിയമം സംരക്ഷിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോയാല്‍ മതിയല്ലോ? ചോദ്യങ്ങള്‍ ഉണ്ടായാല്‍ ഉത്തരങ്ങള്‍ ഉണ്ടാകുമെന്നും മൗനിയായിരിക്കാനാവില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. നിയമത്തെ ചോദ്യം ചെയ്താല്‍ നിഷ്പക്ഷനായിരിക്കില്ല. ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടാല്‍ പിന്നെ അത് രാജ്യത്തെ നിയമമാണ്. അത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതൊന്നും തല്‍ക്കാലം എന്റെ വിഷയമല്ല. പൗരത്വ നിയമഭേദഗതി രാജ്യത്തെ നിയമമായി എന്നതിനെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും,’ ഗവര്‍ണര്‍ പറഞ്ഞു.