Sat. Jan 18th, 2025

ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. മാതൃഭൂമി വീഡിയോ ജേണലിസ്റ്റ് വൈശാഖ് ജയപാലന്റെ ഫേസ് ബുക്ക് കുറിപ്പ് വൈറലാകുന്നു.

പൗരത്വ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ എത്തിയപ്പോള്‍ നേരില്‍ കണ്ട മനസാക്ഷി മരവിപ്പിക്കുന്ന അനുഭവങ്ങളാണ് ഫേസ്ബുക്കിനാധാരം. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പളളിയുടെ ഒരു ഭാഗത്ത് നിറഞ്ഞു നിന്നതെന്നും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം അതിന്റെ സര്‍വശക്തിയോടെ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും കുട്ടികളടക്കം സമരത്തില്‍ പങ്കാളികളായിരുന്നെന്നും കുറിപ്പില്‍ പറയുന്നു.

ഡല്‍ഹി ഗേറ്റില്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തുകയും പോലീസ് ബസുകളും ആര്‍എഎഫിന്റെ ലോറികളും റോഡിനു കുറുകെയിട്ട് റോഡ് പൂര്‍ണ്ണമായും അടക്കുകയും ചെയ്യ്തിരുന്നു. സമരക്കാര്‍ ബാരിക്കേഡ് മറികടക്കാതെ ഡല്‍ഹി ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഉച്ചക്ക് 1.30 മുതല്‍ വൈകുന്നേരം 6 മണിവരെ സമാധാനപരമായിരുന്ന സമരം വൈകുന്നേരം 6 മണിക്ക് ശേഷമാണ് നിറം മാറാന്‍ തുടങ്ങിയത്.

പ്രതിഷേധക്കാരില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും കുറച്ചുപേര്‍ ചേര്‍ന്ന് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്യ്തു. അതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ചിതറി ഓടാന്‍ തുടങ്ങി. പരസ്പരം കല്ലേറു തുടങ്ങിയതോടെ ഡല്‍ഹി ഗേറ്റ് കണ്ടത് യുദ്ധക്കളത്തിന് സമാനമായ കാഴ്ചകളായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു. ബാരിക്കേഡുകള്‍ പോലീസ് തന്നെ മറിച്ചിട്ട് സമരക്കാരുടെ അടുത്തേക്ക് കുതിച്ചു. പീന്നിട് അരങ്ങേറിയത് മനുഷ്യപ്പറ്റില്ലാത്ത പോലീസ് നായാട്ട്.

ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെ പോലീസിന്റെ നീക്കങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചായിരുന്നു പോലീസിന്റെ ആക്രമണമെന്നും ക്യാമറകള്‍ തല്ലിതകര്‍ക്കുകയും ചെയ്തതെന്നും വൈശാഖന്‍ പറയുന്നു ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്. പോലീസ് മര്‍ദ്ദനമേറ്റ് ഒരാളുടെ തലപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നെന്നും അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത രീതിയില്‍ കിടന്നിട്ടും അയാളുടെ പൊട്ടിയ തലയില്‍ പോലീസ് വീണ്ടും അടിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും കുറിപ്പില്‍ പറയുന്നു.

പോലീസ് അതിക്രമം മാധ്യമപ്രവര്‍ത്തകരിലേക്ക് നീങ്ങുന്നുവെന്ന് നേരിട്ടറിഞ്ഞത് മാതൃഭൂമി റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിന് നേരെ പോലീസ് ലാത്തി നീണ്ടപ്പോഴാണെന്ന് വൈശാഖന്‍ പറയുന്നു. മീഡിയയില്‍ നിന്നാണെന്നും നിങ്ങള്‍ ചെയ്യുന്നത് അക്രമമാണെന്നും പരമാവധി ശബ്ദം ഉയര്‍ത്തി പറഞ്ഞെങ്കിലും പൊലീസുകാര്‍ വകവച്ചില്ലെന്നായിരുന്നു വൈശാഖന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ക്യാമറയില്‍ പതിഞ്ഞ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും പുറം ലോകം കാണരുതെന്ന വാശിയോടെയായിരുന്നു യൂണിഫോം ഇട്ട പോലീസുകാരുടെ ഈ ഭീരുത്വം നിറഞ്ഞ നടപടി. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ പോലും അനുമതി ലഭിച്ചില്ല.. അവിടെയും യുദ്ധസമാനമായ സാഹചര്യമായിരുന്നു.

“ചങ്കുപൊട്ടിയുള്ള നിലവിളികളും കരച്ചിലും കേട്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. സ്ട്രക്ച്ചറുകളിലും ബെഡ്ഡുകളിലും രക്തം പുരണ്ടിരിക്കുന്നു. ഞങ്ങള്‍ കിടക്കുന്ന ബെഡ്ഡിനപ്പുറം ഒരു മനുഷ്യന്‍ രക്തം വാര്‍ന്ന് അനക്കമില്ലാതെ കിടക്കുകയാണ്. മുഖം പോലും തിരിച്ചറിയാല്‍ കഴിയാത്തവിധം അയാളുടെ മുഖം അടിച്ചു ചതച്ചിരിക്കുന്നു. കുട്ടികളെപ്പോലും വെറുതെ വിടാത്ത ക്രൂരതയായിരുന്നു,” വൈശാഖൻ കുറിച്ചു.

ഇപ്പോഴും തങ്ങള്‍ തെരുവില്‍ തന്നെയുണ്ടെന്നും ഡല്‍ഹിയില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുന്നു. പലരും ആഗ്രഹിക്കാത്ത കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍. ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ലായെന്നും. ചുറ്റിലും നിരവധി ക്യാമറകള്‍ കണ്ണു തുറക്കുമെന്നും വൈശാഖന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.