Mon. Dec 23rd, 2024
ബംഗളൂരു:

 
ബെലഗാവി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്നും, ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത് താക്കറെയുടെ രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നും യെദിയൂരപ്പ ആരോപിച്ചു. അതിർത്തി തർക്ക വിഷയത്തിൽ നിലപാട് വ്യക്തമാക്കി യെദിയൂരപ്പ രംഗത്തു വന്നു.

ഏതെല്ലാം സ്ഥലങ്ങൾ കർണാടകയ്ക്കും, ഏതൊക്കെ സ്ഥലങ്ങള്‍ മഹാരാഷ്ട്രയ്ക്കും എന്ന തർക്കം പരിഹരിക്കാൻ 1966 ല്‍ രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ് മഹാജന്‍ കമ്മീഷന്‍. മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിലുള്ള ജില്ലയാണ് ബെലഗാവി. നിലവില്‍ ഭാഷാ അടിസ്ഥാനത്തില്‍ കര്‍ണാടകയുടെ ഭാഗമാണ് ഈ ജില്ല. എന്നാല്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമാണ് ബെലഗാവിയെന്നാണ് മഹാരാഷ്ട്രയുടെ അവകാശവാദം. 

“മഹാജന്‍ കമ്മീഷൻ പ്രകാരം മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഏത് ഭാഗം നല്‍കണം എന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. സമാധാനം നിലനിര്‍ത്താന്‍ അതിര്‍ത്തിയിലെ എല്ലാ ജനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അതിർത്തി തർക്ക വിഷയത്തിൽ കര്‍ണാടകയിലും മഹാരാഷ്ട്രയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബസ് സര്‍വീസ് റദ്ദാക്കിയിരുന്നു. ഞായറാഴ്ച ശിവസേന പ്രവര്‍ത്തകര്‍ കോലാപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം യെദിയൂരപ്പയുടെ പ്രതിമ കത്തിച്ചിരുന്നു. ബെലഗാവിയിലെ പ്രതിഷേധക്കാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രതിമയും കത്തിച്ചിരുന്നു.

എന്നാൽ കര്‍ണാടകയുമായുള്ള അതിര്‍ത്തിവിഷയം സംബന്ധിച്ച കേസിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രിമാരായ ഛഗന്‍ ഭുജ്ബാലിനെയും ഏക്‌നാഥ് ഷിന്‍ഡെയെയും കോ ഓര്‍ഡിനേറ്റര്‍മാരായി ഉദ്ധവ് താക്കറെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.