Sat. Jan 18th, 2025

ന്യൂഡല്‍ഹി:

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎസ്) കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതോടെ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവെന്ന പദവിയാണ് റാവത്തിന് ലഭിച്ചത്.

കരസേന മേധാവി പദവിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് സംയുക്ത സേന മേധാവിയായിയുള്ള നിയമനം.

കേന്ദ്ര മന്ത്രിസഭ സമിതി അംഗീകാരം നല്‍കിയ സംയുക്ത സേനാ മേധാവിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്.

സിഡിഎസിന്റെ പ്രായപരിധി ഉയര്‍ത്തുന്നതിന് 1954 ലെ ആര്‍മി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ പരിഷ്‌കാരം.

സൈന്യത്തിനുമേല്‍ ഇപ്പോള്‍ പ്രതിരോധമന്ത്രിക്കും പ്രതിരോധ സെക്രട്ടറിക്കും രാജ്യത്തിന്റെ സര്‍വസൈന്യാധിപന്‍ എന്ന നിലയില്‍ രാഷ്ട്രപതിക്കുമുള്ള സിവില്‍ ഭരണസംവിധാനത്തിനുള്ള അധികാരങ്ങള്‍ ഒരു പട്ടാളമേധാവിയിലേക്ക് കേന്ദ്രീകരിച്ച് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന നീക്കമാണിതെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കര-വ്യോമ-നാവിക സേനകള്‍ക്കു മേല്‍ സിഡിഎസിന് നേരിട്ട് അധികാരം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭരണഘടനാ രൂപീകരണവേളയില്‍ സംയുക്ത സേന മേധാവി എന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും അംബേദ്ക്കറെയും നെഹ്രുവിനെയും പോലുള്ള ജനാധിപത്യവാദികള്‍ അതിനെതിരായ നിലപാട് സ്വീകരിച്ചതിനാലാണ് അന്നത് ഒഴിവാക്കപ്പെട്ടത്.

പിന്നീട് വാജ്പേയ് ഭരണകാലത്ത് കാര്‍ഗില്‍ യുദ്ധത്തിലുണ്ടായ പാളിച്ചകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കെ സുബ്രഹ്മണ്യന്‍ കമ്മിറ്റിയാണ് ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫ് നിയമനം വേണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ടുവെച്ചത്. അന്ന് എല്‍കെ അദ്വാനി ഉപപ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭ ഉപസമിതി നിര്‍ദേശം അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ പാര്‍ലമെന്റിലും എന്‍ഡിഎയിലും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നതോടെ തീരുമാനം ആദ്യ ബിജെപി സര്‍ക്കാര്‍ ഉപേക്ഷിച്ചു.

2015 ല്‍ വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറും ശേഷം വന്ന അരുണ്‍ ജെയ്റ്റിലിയും നിര്‍മല സീതാരാമനും ഇതുമായി മുമ്പോട്ട് പോവാതിരുന്നത് അതുയര്‍ത്തിയേക്കാവുന്ന എതിര്‍പ്പുകളെ ഭയന്നാണ്.

2019 ല്‍ വീണ്ടും അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അനുകൂല അന്തരീക്ഷം മുതലെടുത്താണ് ബിജെപിക്കും സഖ്യത്തിനും സ്വീകാര്യനായ ഒരു സംയുക്ത സൈനിക മേധാവിയെ നിയമിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രാജ്യവ്യാപകമായി നടക്കുന്ന സമാധാന പ്രക്ഷോഭങ്ങള്‍ക്കെതിരെ ആര്‍മി ആക്ടിലെ 21-ാം വകുപ്പ് ലംഘിച്ച് ബിപിന്‍ റാവത്ത് അത്യന്തം ഭീഷണവും വിനാശകരവുമായാണ് വിമര്‍ശിച്ചത്.

ഇതിനെതിരെ രാജ്യത്താകെ റാവത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംയുക്ത സൈനിക മേധാവിയായി നിയോഗിച്ചിരിക്കുന്നത്.

“തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.” എന്നായിരുന്ന ബിപിന്‍ റാവത്തിന്റെ വിമര്‍ശനം.

എന്നാല്‍ തികഞ്ഞ മൗനത്തിലൂടെ റാവത്തിന് പിന്തുണയേകുകയാണ് കേന്ദ്രം ചെയ്തത്.

റാവത്തിന്റെ നടപടി തെറ്റാണെന്നും ‘രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല’ എന്ന സായുധസേനയുടെ തത്വത്തെ മറക്കരുതെന്നും നാവികസേന മുന്‍ അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസ് അഭിപ്രായപ്പെട്ടിരുന്നു.

സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ പാകിസ്ഥാന്റെ വഴിയിലേക്കാണോ ഇന്ത്യയും എന്ന സംശയമാണ് ഭരണഘടന വിശ്വാസികള്‍ മുന്നോട്ട് വെച്ചത്.

തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്കുമേല്‍ പട്ടാളമേധാവികളും തീവ്രമതവാദികളും അധികാരകേന്ദ്രങ്ങളായി മാറുകയും ഭരണത്തിലും രാഷ്ട്രീയത്തിലും അഭിപ്രായമുള്ളവരായി തീരുകയും ചെയ്ത പാകിസ്ഥാന്‍ നേരിട്ട വലിയ ദുര്യോഗത്തെ ഓര്‍മപ്പെടുത്തുകയാണ് ഒരു രാജ്യം ഒരു സൈനിക മേധാവി എന്ന ആശയം.