Mon. Dec 23rd, 2024
കൊച്ചി:

 
നടന്‍ ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കള്‍ ഉറച്ച തീരുമാനമെടുത്തതോടെ വിഷയത്തില്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയിനിനെ വിളിച്ചുവരുത്തും. താരത്തിന് പറയാനുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിശദമായി കേള്‍ക്കും. ഇതിനു ശേഷമായിരിക്കും താരസംഘടന നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുക.

അതേസമയം, നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ കഴിഞ്ഞ ദിവസം ഷെയിന്‍ നിഗം മാപ്പ് പറഞ്ഞിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് മാപ്പ് ചോദിച്ച് കത്തയക്കുകയായിരുന്നു.

തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും, മാപ്പ് നല്‍കണം എന്നും കത്തില്‍ ഷെയിന്‍ നിഗം വ്യക്തമാക്കിയിരുന്നു. പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ നടത്തിയ പ്രസ്താവന മനപ്പൂര്‍വ്വം അല്ലെന്നും താരം പറഞ്ഞിരുന്നു.

എന്നാല്‍, ഇതിലും  നിര്‍മാതാക്കളുടെ സംഘടന തൃപ്തരായിരുന്നില്ല. ഷെയിന്‍ നിഗം പരസ്യമായി മാപ്പ് പറയാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് അമ്മ മുന്‍കെെയ്യെടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്.

അതുകൊണ്ട് വിവാദ വിഷയം പരിഹരിക്കാന്‍ അമ്മയുടെ ഇടപെടല്‍ മാത്രമാണ് ഇനിയുള്ള ഏക പോംവഴി. ഈ ചര്‍ച്ചയിലും വിഷയം ഒത്തുതീര്‍പ്പായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത.

By Binsha Das

Digital Journalist at Woke Malayalam