Wed. Jan 22nd, 2025

വാഷിംഗ്ടണ്‍:

അനധികൃത ആയുധങ്ങള്‍, മരുന്നുകള്‍, പണം എന്നിവ അതിര്‍ത്തി കടന്നെത്തുന്നതിന്റെ ഒഴുക്ക് തടയുവാനായി മെക്‌സിക്കോയുമായി ധാരണയിലെത്തുമെന്ന് യുഎസ് അംബാസഡര്‍ അറിയിച്ചു.

മെക്‌സിക്കോയുടെ ധനകാര്യ മന്ത്രാലയവുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ അടുത്തമാസം മെക്‌സിക്കോ സന്ദര്‍ശിച്ച് ഇതുമായി ബന്ധപ്പെട്ട സഹകരണ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിലൂടെ മെക്‌സിക്കോയിലേക്കും മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്കുമുള്ള കുടിയേറ്റക്കാരുടെ വരവും തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലാന്‍ഡൗ പറഞ്ഞു.

സുരക്ഷ, ആയുധക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രാഡറുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ ആദ്യം ബാര്‍ മെക്‌സിക്കോ സന്ദര്‍ശിച്ചിരുന്നു.