തിരുവനന്തപുരം:
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു.
സര്‍വേ പൂര്‍ത്തിയായ 50,000 കിലോ മീറ്ററില്‍ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോമീറ്ററിലാണ് കേബിള്‍ സ്ഥാപിക്കുന്നത്.
ജൂണില്‍ പണി പൂര്‍ത്തിയാകും. പരുത്തിപ്പാറ കെഎസ്ഇബി സബ് സ്റ്റേഷന്‍ മുതല്‍ ടെക്‌നോപാര്‍ക്കിലെ സ്റ്റേറ്റ് ഡാറ്റ സെന്റര്‍ വരെയുള്ള 11 കിലോമീറ്റര്‍ ലൈനിലാണ് വൈദ്യുതി പോസ്റ്റുകള്‍ വഴി കേബിള്‍ വലിക്കുന്ന ജോലി തുടങ്ങിയത്.
സംസ്ഥാനത്ത് 20 ലക്ഷം വീടുകളിലും ഒപ്പം സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കേബിള്‍ ടിവി തുടങ്ങിയ സേവനങ്ങള്‍ നല്‍കാനാണ് കെ-ഫോണ്‍ പദ്ധതിയിലൂടെ ലഷ്യമിടുന്നത്.
കെഎസ്ഇബിയും സംസ്ഥാന ഐ.ടി മിഷനും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കെ-ഫോണിലൂടെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. അല്ലാത്തവര്‍ക്ക് എത്ര രൂപ മാസംതോറും ഈടാക്കും എന്ന് തീരുമാനിച്ചിട്ടില്ല.
സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെ-ഫോണിന്റെ പരിധിയില്‍ വരുന്നത്.
1028.2 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. നിലവില്‍ കിഫ്ബി ബോര്‍ഡ് കെ-ഫോണ്‍ പദ്ധതിക്കായി 823 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെഎസ്‌ഐടിഎലില്‍ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്.
കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതോടെ സാമ്പത്തിക ബാധ്യതയുള്ള കെഎസ്ഇബിയുടെ പ്രശ്‌നങ്ങള്‍ വലിയൊരു അളവ് കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.