Sun. Dec 22nd, 2024

#ദിനസരികള്‍ 984

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്ന യുവാക്കളേയും അവരെ നയിക്കുന്ന നേതൃത്വങ്ങളേയും കുറിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന, ഉടനടി നിലവില്‍ വരാന്‍ പോകുന്ന ചീഫ് ഓഫ് ഡിഫന്‍സ് എന്ന പോസ്റ്റിലേക്ക് നിയമിക്കപ്പെടുവാന്‍ ആവശ്യമായ വിധേയത്വം താന്‍ നേടിയെടുത്തു കഴിഞ്ഞു എന്ന പ്രഖ്യാപനമാണ്.

അതോടൊപ്പംതന്നെ സൈന്യം കേന്ദ്രസര്‍ക്കാറിന്റെ നയപരിപാടികളോട് പൂര്‍ണമായും യോജിക്കുകയാണെന്നും എതിര്‍ശബ്ദങ്ങളെ അവസാനിപ്പിച്ചെടുക്കുക എന്ന ഹിന്ദുത്വ അജണ്ടയോട് തങ്ങളും ഐക്യപ്പെടുകയാണ് എന്നും റാവത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.

വേഷംകൊണ്ട് അക്രമകാരികളെ തിരിച്ചറിയാനാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതുകൂടി ചേര്‍ത്തു വെച്ചു വായിക്കുമ്പോള്‍ ആരാണോ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ നയിക്കപ്പെട്ട് രാജ്യത്തിന്റെ നയപരിപാടികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് അവരെയാണ് സൈന്യം നേരിടാന്‍ പോകുന്നത് എന്നു കൂടിയാണ് റാവത്ത് പറയാതെ പറഞ്ഞു വെയ്ക്കുന്നത്.

ഫലത്തില്‍ നിലവിലിരിക്കുന്ന അക്രമോത്സുകമായ ദേശീയതയെ സംരക്ഷിച്ചു പിടിച്ചു കൊണ്ട് തികച്ചും രാഷ്ട്രീയമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് കരസേനാ മേധാവി അനുചിതമായ ഒരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

അതിനുമപ്പുറം മറ്റു ചില വിതാനങ്ങളെക്കൂടി റാവത്തിന്റെ നിലപാട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിലൊന്ന് സൈന്യം ഏതൊരു സാഹചര്യത്തേയും നേരിടാന്‍ തക്കവണ്ണം മാനസികമായി തയ്യാറാണ് എന്നുമാത്രമല്ല, നീതിന്യായ സംവിധാനങ്ങളും കേന്ദ്രസര്‍ക്കാറും തമ്മില്‍ നിലവിലിരിക്കുന്നുവെന്ന് സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ ആരോപിക്കുന്ന ഭരണഘടനാ വിരുദ്ധമായ കൂട്ടുകെട്ടിലേക്ക് സൈന്യം കൂടി ചെന്നു ചേര്‍ന്നിരിക്കുന്നുവെന്നു കൂടിയാണ്. അതായത് രാജ്യത്തിന്റെ സൈന്യം ഹിന്ദുത്വ പ്രത്യശാസ്ത്രങ്ങളുടെ കാവലാളുകളായി വിധേയപ്പെട്ടിരിക്കുന്നുവെന്നുതന്നെ.

നീതിന്യായ സംവിധാനങ്ങളെക്കുറിച്ചും അതിന്റെ നടത്തിപ്പുരീതിയെക്കുറിച്ചും ജനതയുടെ മനസ്സില്‍ തുടര്‍ച്ചയായി അവിശ്വാസമുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ജസ്റ്റീസ് ലോയയുടെ മരണവും സുപ്രിംകോടതിയിലെ മുതിര്‍ന്ന ജസ്ററീസുമാരുടെ പത്രസമ്മേളനവുമൊക്കെ ആ അവിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു.

തുടര്‍ന്നു കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായ അയോധ്യ – ശബരിമല – കാശ്മീര്‍ – പൗരത്വ ബില്‍ പോലെയുള്ള ചില കേസുകളിലെ സമീപനങ്ങള്‍ , വിധികള്‍, സമീപകാലത്ത് കോടതികളുടെ പ്രവര്‍ത്തനം അത്ര ഭരണഘടനാ പരമല്ലെന്ന് വ്യക്തമാക്കി.

കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റു ശക്തികളുടെ താല്പര്യങ്ങളെയാണ് അവിടെ പ്രതിഫലിക്കുന്നതെന്ന വാദം അത്ര ലാഘവബുദ്ധിയോടെ നാം പരിഗണിച്ചാല്‍ പോര. ഈ കൂട്ടുകെട്ടിലേക്ക് പ്രത്യക്ഷമായിത്തന്നെ സൈന്യവും ചെന്നു ചേരുകയാണ് എന്നാണ് റാവത്തിന്റെ സന്ദേശത്തിന്റെ സൂചന.

ഡിസംബര്‍ മുപ്പത്തിയൊന്നിന് സര്‍വ്വീസില്‍ നിന്നും അടുത്തൂണ്‍ പറ്റുന്ന റാവത്തിനെ കാത്ത് വലിയൊരു ചീഫ് ഓഫ് ഡിഫന്‍സ് എന്നൊരു തസ്തിക കാത്തിരിക്കുന്നുണ്ടെന്ന് നാം പറഞ്ഞല്ലോ. ആ തസ്തിക തന്നെ ഇപ്പോഴുള്ള സൈനീകമായ സംവിധാനങ്ങളെ തകര്‍ക്കുന്നതിനും ഒരു ഛത്രാധിപതിയുടെ കാലിന്‍ ചുവട്ടിലേക്ക് സൈന്യത്തെ തളച്ചിടുന്നതുമാണ്.

രാഷ്ട്രപതിയുടെ കര–നാവിക–വ്യോമ സേനയുടേയും ഇടയില്‍ മറ്റൊരു അധികാര കേന്ദ്രമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതോടെ സര്‍വ്വ സൈന്യാധിപന്‍ എന്ന വിശേഷണം ഫലത്തില്‍ ഇങ്ങനെ നിയമിക്കപ്പെടുന്ന വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.

അങ്ങനെ വരുന്നതോടുകൂടി സൈന്യത്തെ രാഷ്ട്രീയമായി കൂടുതലായി നിയന്ത്രിക്കാനുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. നരേന്ദ്രമോഡിയേയും അമിത് ഷായേയും പോലെയുള്ളവര്‍ക്ക് ഇനിയെത്ര വേഗം സൈന്യത്തിലിടപെടാനും നിയന്ത്രിക്കാനും കഴിയുമെന്നതുകൂടി ആലോചിക്കുക, റാവത്തിനെപ്പോലെയുള്ള ഒരു വിധേയനാണെങ്കില്‍ പ്രത്യേകിച്ചും.

വ്യക്തമാകുന്നത്, സൈന്യവും നീതിന്യായ സംവിധാനങ്ങളും ഇടവും വലവുമായി കാവല്‍ നിന്നുകൊണ്ട് നാഗ്പൂരിലെ കല്പനകള്‍ നാടുഭരിക്കുന്ന ഒരു കാലത്തിലേക്കാണ് രാജ്യം നയിക്കപ്പെടുന്നത് എന്നുതന്നെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.