Sun. Dec 22nd, 2024

വാഷിംഗ്ടണ്‍:

ആമസോണിന്റെ റിംഗ് ഹോം സെക്യൂരിറ്റി ക്യാമറകള്‍ ഹാക്കര്‍മാര്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്.

അലബാമയിലെ ഒരു വീട്ടുടമസ്ഥനാണ് റിംഗ് ക്യാമറകളുടെ രൂപകല്പനയിലുണ്ടായ ന്യൂനതകള്‍ ഉപഭോക്താക്കളെ സൈബര്‍ അക്രമങ്ങള്‍ക്ക് ഇരയാക്കുന്നുവെന്ന് പരാതിപ്പെട്ടത്.

വ്യാഴാഴ്ച ഫയല്‍ ചെയ്ത പരാതിയില്‍ ജോണ്‍ ബേക്കര്‍ ഓറഞ്ച് എന്നയാള്‍ പറയുന്നത് തന്റെ വീട്ടില്‍ സ്ഥാപിച്ച ക്യാമറ ആരോ ഹാക്ക് ചെയ്തുവെന്നാണ്.

മുറ്റത്ത് ബാസ്‌കറ്റ് കളിച്ചു കൊണ്ടിരിക്കെ കുട്ടികളാണ് ക്യാമറയുടെ സ്പീക്കറില്‍ നിന്ന് ശബ്ദം വന്നത് അറിയിച്ചത്.

ഈ ജൂണ്‍ മാസത്തിലാണ് ഓറഞ്ച് 249 ഡോളര്‍ നല്‍കി റിംഗ് ക്യാമറ വാങ്ങിയത്.

ക്യാമറകള്‍ ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്യുമ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ, മികച്ച സുരക്ഷ റിംഗ് ഉറപ്പ് നല്‍കിയിട്ടും സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കാത്തതിനാല്‍ മാരക പിഴവുകളുള്ളവയാണ് ക്യാമറകള്‍ എന്നാണ് ഓറഞ്ചിന്റെ അഭിപ്രായം.

എന്നാല്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ആമസോണ്‍ നിയമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്ന് വക്താവ് അറിയിച്ചു.

അതേസമയം ലോസ് ആഞ്ചല്‍സ് കോടതി റിംഗില്‍ നിന്നുണ്ടായ നഷ്ടങ്ങള്‍ക്ക് ആമസോണിന്റെ ഭാഗത്ത് നിന്നും പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

റിംഗ് ക്യാമറകളിലൂടെ ഹാക്കര്‍മാര്‍ വീടുകളിലേക്ക് പ്രവേശിച്ചതായി നിരവധി സംഭവങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു.

മിസിസിപ്പിയില്‍ ഒരു എട്ട് വയസുകാരിക്ക് നേരെ അജ്ഞാതന്‍ സാന്‍റ ക്ലോസാണെന്ന് അവകാശപ്പെട്ട് വംശീയ അധിക്ഷേപം നടത്തിയത് ഇതിന് ഉദാഹരണമാണ്.

“ഒരു വീട് സംരക്ഷിക്കാനുള്ള ഉപകരണം വില്‍ക്കുന്ന ഒരു കമ്പനി, ആ വീട്ടുകാരെ അപകടത്തിലാക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമായി മാറരുത്.” ഓറഞ്ചിന്റെ അഭിഭാഷകന്‍ ജോണ്‍ യാങ്ഷുനിസ് അഭിപ്രായപ്പെട്ടു.

വീട്ടിലെ ഡോര്‍ബെല്ലിനൊപ്പമാണ് റിംഗ് സെക്യൂരിറ്റി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ സന്ദര്‍ശകരാരെന്ന് വീട്ടുടമസ്ഥര്‍ക്ക് തിരിച്ചറിയാനാവും. വീട്ടില്‍ ആളില്ലെങ്കില്‍ വീട്ടുടമസ്ഥര്‍ക്ക് സന്ദര്‍ശകരോട് ഫോണിലെ ആപ് വഴി ആശയവിനിമയം നടത്താനും സാധിക്കുമെന്നതാണ് റിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത.

2018 ല്‍ 839 ഡോളറിനാണ് ആമസോണ്‍ റിംഗ് സ്വന്തമാക്കിയത്.

ലോകത്ത് ഒട്ടനവധി ഉപകരണങ്ങളാണ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അവയൊക്കെ എങ്ങനെ സൗകര്യപ്രദമായി ഉപയോഗിക്കുമെന്ന് ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് അറിയില്ല. യാങ്ഷുനിസ് പറഞ്ഞു.