Sun. Dec 22nd, 2024
ഹൈദരാബാദ്:

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കരുത് എന്ന ആവശ്യവുമായി മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. എഐഎംഐഎം പാർട്ടി നേതാവും, ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

എന്‍പിആര്‍, എന്‍ആര്‍സി തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കരുത് എന്നായിരുന്നു നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.  കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെ എന്‍ആര്‍സി സംബന്ധിച്ച നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അവര്‍ റാവുവിന് കൈമാറിയ മെമ്മോറാണ്ടത്തില്‍ പറയുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ വോട്ടു രേഖപ്പെടുത്തിയതിന് ചന്ദ്രശേഖര്‍ റാവുവിന്‍റെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതിക്ക് നേതാക്കള്‍ നന്ദി പറഞ്ഞു. കൂടാതെ, പൗരത്വ ഭേദഗതി നിയമവും, പൗരത്വ രജിസ്ട്രേഷനും, ജനസംഖ്യ രജസ്ട്രേഷനും വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന നയങ്ങളാണെന്നും അവര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.