Wed. Jan 22nd, 2025
മുംബൈ:

 
ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്നെ സന്ദര്‍ശിച്ച മുസ്ലീം സമുദായങ്ങള്‍ക്കാണ് ഈ ഉറപ്പ് നല്‍കിയത്. പൗരത്വ നിയമഭേദഗതി, പൗരത്വ പട്ടിക എന്നിവ സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് സന്ദര്‍ശനം.

തടങ്കല്‍ പാളയം സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ശിക്ഷിക്കപ്പെട്ട വിദേശപൗരന്മാരെ, വിദേശത്തേക്ക് നാടുകടത്തുന്നതുവരെ താമസിപ്പിക്കാനാണ് തടങ്കല്‍ പാളയം. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഒരു തടങ്കല്‍ പാളയവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി, പൗരത്വ പട്ടിക എന്നിവയുടെ പേരില്‍ സംസ്ഥാനത്ത് ഒരാള്‍ക്കു നേരെയും അനീതി ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. അസേമയം സംസ്ഥാനത്ത് പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞില്ല. പൗരത്വ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ് എന്നായിരുന്നു നേരത്തെ ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടിരുന്നത്.

പൗരത്വ പട്ടികയെയും നിയമഭേദഗതിയെയും മഹാരാഷ്ട്രയിലെ ശിവസേന സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതോടെയാണ്, പൗരത്വ നിയമഭേദഗതിയെ ലോക്സഭയില്‍ പിന്തുണച്ച ശിവസേന, രാജ്യസഭയില്‍ നിന്നും വിട്ടുനിന്നത്.